തിരിവെളിച്ചം

ഏതോ സ്റ്റേഷനിൽ ട്രെയിൻ നിന്നപ്പോഴാണ് ഞെട്ടിയുണർന്നത്. ആരോ പിടിച്ചു കുലുക്കിയതുപോലെയുണർന്ന്  കണ്ണുതുറക്കുമ്പോഴേക്കും പ്രെഷർ കുക്കർ വിസിലടിക്കുന്നതുപോലുള്ള ശബ്ദം കേട്ടു. വർക്കല എത്തിയതേയുള്ളു. ഒന്നുകൂടി ഉറങ്ങിയുണരാൻ സമയമുണ്ട്. വന്നുവന്ന് സമയത്തിന്റെ അളവുകളൊക്കെ സ്ഥലങ്ങൾക്കനുസരിച്ചായി മാറിയിട്ടുണ്ട്. കൊല്ലം-വർക്കല ഉറക്കമെന്നത് ഒരു ‘സിയെസ്ത’ ആയും കൊല്ലം-തിരുവനന്തപുരം ഉറക്കമെന്നത് ഒരു  സാമാന്യം നല്ല ‘നാപ്’ ആയുമൊക്കെയാണ് തലച്ചോറിൽ രജിസ്റ്റർ ആകുന്നത്. കൂടെയുള്ള യാത്രക്കാർക്കും ഇപ്പറഞ്ഞ ദൂരമളക്കുന്ന ഘടകത്തിന്റെ ഉപയോഗം എന്നെപ്പോലെതന്നെ മനസ്സിലാകുന്നുണ്ടെന്നതും ഒരു സന്തോഷമാണ്. തിരുവനന്തപുരം പലപ്പോഴും ഒരുറങ്ങുന്ന നഗരമായി തോന്നിയിട്ടുണ്ട്. ‘റിട്ടയർമെന്റ് സിറ്റിയാണ് തിരോന്തോരം’ എന്നത് സ്ഥിരം കേൾക്കുന്ന ഒരു പല്ലവിയുമാണ്. പക്ഷെ ഈ പകൽ സമയത്ത് അങ്ങോട്ടുള്ള ട്രെയിൻ കയറിയാൽ ഇതിനും മാത്രം തിക്കിത്തിരക്കി അങ്ങോട്ട് പോകാൻ അവിടെ എന്താണുള്ളതെന്നു തോന്നിപ്പോകും. കാസറായിയും കോട്ടും ഷർട്ടും മുണ്ടും സാരിയും ചുരിദാറും ടീഷർട്ടും ജീൻസുമൊക്കെ ഒന്നിക്കുന്ന ജാതിമതപ്രായലിംഗഭേദങ്ങളില്ലാത്ത ഒരു പ്രത്യേകതരം സോഷ്യലിസ്റ്റ് യാത്രയാണത്. ജീവിതയാത്രയിൽ ഒരേദിശയിൽ സഞ്ചരിക്കുന്നതിന്റെ ഒരു പ്രത്യേക മമത എല്ലാവർക്കും എല്ലാവരോടുമുണ്ട്. അതിന്റെ പുറത്താണ് പത്രത്തിന്റെ വായിച്ചുകഴിഞ്ഞ രണ്ടു താളുകൾക്കുനേരെ അടുത്തിരിക്കുന്നയാൾ കൈനീട്ടുമ്പോൾ മുഖത്തേക്കുപോലും നോക്കാതെ അവ എടുത്തുകൊടുക്കുന്നത്. അതെ മമതയുടെ പുറത്താണ് അടുത്തയാൾ ചോദിക്കുമ്പോൾ മറ്റൊരാളുടേതെന്നുപോലും കരുതാതെ മേൽപ്പറഞ്ഞ താളുകൾ കൈമാറിപ്പോകുന്നത്. പുരോഗമനാശയങ്ങൾ വേറെയുമുണ്ട് ട്രെയിനുകളിൽ. ഓടുന്ന ട്രെയിനിന്റെ വാതിൽക്കൽ നിന്ന് യാത്ര ചെയ്യുന്നത് പൊതുവെ പുരുഷലിംഗത്തിനുമാത്രം അവകാശപ്പെട്ട കാര്യമാണെന്നു ധാരണയിൽ ചെവിയിൽ ഇയർഫോണും തിരുകി ഒരിക്കൽ നിന്നപ്പോഴാണ് എന്റെ അമ്മയുടെ പ്രായം കണ്ടേക്കാവുന്ന ഒരു സ്ത്രീ വന്ന്, “മോനെ, കുറച്ച് ഒതുങ്ങിനിന്നാൽ എനിക്കുംകൂടെ കാറ്റുകൊണ്ട് പോകാമായിരുന്നു”വെന്നും പറഞ്ഞ് വാതിൽക്കലേക്കു നിന്നത്. അവര് വന്നുനിന്നപ്പോൾ ആ ഗ്യാപ്പിൽ നിറഞ്ഞുനിന്നിരുന്ന എന്റെ കുറേ ഷോവിനിസം താഴെയുള്ള പറവൂർ കായലിൽ ചെന്നുവീണു.

ട്രെയിൻ വീണ്ടും ചൂളംവിളിച്ച് മുന്നോട്ടുനീങ്ങിയപ്പോഴാണ് ആ ശബ്ദം ആദ്യമായി കേൾക്കുന്നത്. ഏതാണ്ട് രണ്ടുബോഗിക്കപ്പുറത്തുനിന്നും വളരെ ഉറക്കെയുള്ള വല്ലാതെ അലിഞ്ഞുള്ള ഒരു പാട്ട്.

“നെയ്യാറ്റിൻകര വാഴും കണ്ണാ നിൻ മുന്നിലൊരു 

നെയ്‌വിളക്കാവട്ടെയെന്റെ ജന്മം”…

പാട്ടുകാരൻ നെയ്യാറ്റിൻകര ക്ഷേത്രത്തിൽച്ചെന്ന് സ്വയമൊരു തിരിയായി എരിയുകയാണെന്നു തോന്നിക്കുന്നതുപോലൊരു പാട്ട്.

ശബ്ദം പതുക്കെ അടുത്തടുത്ത് വരുന്നുണ്ട്. തല ജനാലക്കമ്പികൾക്കിടയിൽ ചാരി വെച്ചിരിക്കുന്ന സുഖം കാരണം എഴുന്നേറ്റുനോക്കാൻ മടി തോന്നിയെങ്കിലും കണ്ണടച്ച് പാട്ട് ആസ്വദിക്കാൻ തന്നെ തീരുമാനിച്ചു. വരികൾക്കിടയിൽ പാട്ട് ഇടയ്ക്കിടയ്ക്ക്  മൂന്നുനാലു സെക്കൻഡ് നിന്നുപോകുന്നുണ്ട്. പാട്ടുകാരനൊരു യാചകനായിരിക്കണം. ഓരോ സീറ്റിലും ചെന്ന് കൈനീട്ടുന്നതിലും എളുപ്പം നടുക്കെത്തി ഒന്ന് കൈനീട്ടി കറങ്ങുന്നതാണ്. കൊടുക്കുന്നവർ എന്തായാലും കൊടുക്കും. അല്ലാത്തവർ എങ്ങനെ കൈനീട്ടിയാലും കൊടുക്കുകയുമില്ല. അതിനൊക്കെയുപരി അനങ്ങാതെനിന്നു പാടാനൊരു സ്ഥലം വേണമല്ലോ!

“ഓംകാരം മുഴക്കുന്ന പൈക്കളെ മേയ്ക്കുവാൻ 

ഓരോമനസ്സിലും നീ വരുന്നു “…

പാട്ട് കുറച്ചുകൂടി അടുത്തെത്തിയപ്പോഴാണ് പാട്ടിനൊപ്പമുള്ള ഓർക്കസ്‌ട്രാ ശ്രദ്ധിക്കുന്നത്. രണ്ടു മരപ്പലകകൾ വിരലിനു രണ്ടുവശത്തായി വെച്ച് ഒരു പ്രത്യേക രീതിയിൽ കൂട്ടിമുട്ടിക്കുമ്പോഴുണ്ടാകുന്ന താളത്തിലുള്ള ശബ്ദമാണ്. ദ്രോണാചാര്യർ പണ്ട് ദർഭപ്പുല്ലു കുത്തി കുഴിയിൽ വീണ പന്ത് പാണ്ഡവ-കൗരവർക്ക് എടുത്തു കൊടുത്ത കഥയാണ് മനസ്സിൽ വന്നത്. വല്ലഭന് മരപ്പലകയിലും സംഗീതം നിറയ്ക്കാം.

പാട്ടു വളരെ അടുത്തെത്തി. പാട്ടുകാരനെ ആദ്യമായി ഒരുനോക്കു കണ്ടു. അന്ധനാണ്.

“തൊഴുത്തുനിൽക്കുന്നൊരീ നീയൊരു 

തിരിവെളിച്ചം തരൂ കണ്ണാ”…

പെട്ടെന്ന് കണ്ണൊന്നു നിറഞ്ഞു. നെയ്യാറ്റിൻകര അദ്ദേഹത്തിനോട് ഒരു ചെറിയ ദേഷ്യം തോന്നി.

“താമരത്താരിതൾക്കണ്ണാ”…

അതുശരി! അപ്പൊ ഗായകന് പരിഭവമൊന്നുമില്ല. ചുറ്റുമുള്ള ഇരുട്ട് എപ്പോഴും കൂടെയുണ്ടെന്നും അതിലേക്കു ഒരു ചെറുചിരി വെളിച്ചം തന്നു കനിഞ്ഞിരുന്നെങ്കിൽ നന്നായിരുന്നുവെന്നും പാടിവെച്ചു എന്നുമാത്രം.

പാട്ടും താളവും എന്നെയും കടന്നു മുന്നോട്ടുപോയി. കുറച്ചുനേരം അങ്ങനേയിരുന്നു. തല ജനാലക്കമ്പിയിൽ ചാരി, കണ്ണ് ചെറുതായി നിറഞ്ഞ്, നോട്ടം പുറത്തേക്കാണെങ്കിലും മേൽപ്പറഞ്ഞ തിരിവെളിച്ചം മിസ്സിംഗ് ആയതുകൊണ്ട് ഒന്നും കാണാൻ കഴിയാതെ. പെട്ടെന്നെന്തോ ഓർത്തു ചാടിയെഴുന്നേറ്റു ചെന്നപ്പോ ഗായകൻ വാതിലിനടുത്ത് നിൽപ്പുണ്ട്. രണ്ടു ബോഗികൾക്കിടയിലുള്ള സ്ഥലത്ത് ഇന്ന് തിരക്ക് തീരെയില്ലെങ്കിലും പാട്ടു നിന്നിട്ടില്ല. പാടുന്നത് ഞങ്ങൾ ട്രെയിൻ യാത്രക്കാർക്ക് വേണ്ടിയല്ലാത്തതിനാലും നെയ്യാറ്റിൻകരയിലെ മിഷ്ട്ടർ തൂണിലും തുരുമ്പിലും ട്രെയിനിലെ വാഷ്‌ബേസിനരികിലും വരെ വ്യാപിയായതിനാലും പട്ടു നിർത്തേണ്ട ആവശ്യവുമില്ല.

“ചേട്ടാ!” എന്ന് വിളിച്ചപ്പോൾ പാട്ടു നിന്നു. വേണ്ടായിരുന്നെന്നു തോന്നി. കൈയ്യിലുണ്ടായിരുന്ന അൻപതുരൂപാനോട്ട് ഗായകന്റെ കിലുങ്ങുന്ന ടിന്നിലേക്ക് പതിയെ വെച്ചു. ഗോവർധദ്ധത്തോളമുള്ള ദുഃഖങ്ങൾ എടുത്തുപൊക്കാനോ ആ വെളുത്ത കണ്ണുകളിൽ വെളിച്ചം പകരാനോ കഴിയില്ലെങ്കിലും രാവിലത്തേയ്ക്ക് ഒരു ചായയും മസാലദോശയും സംഘടിപ്പിക്കാനുള്ള ഏർപ്പാട് ചെയ്യാൻ എന്നെക്കൊണ്ടാകും, അതിപ്പോ കൊടുത്തത് രാവിലെ അച്ഛന്റെ കൈയിൽനിന്നു പെട്രോൾ അടിക്കാൻ വാങ്ങിയ പൈസ ആണെങ്കിൽപ്പോലും.

“കണ്ണിനുകണ്ണാമൊരുണ്ണിക്കു തിരുമുന്നിൽ 

കർപ്പൂരമാവട്ടെയെന്റെ ജന്മം”…

പാട്ടു വീണ്ടും അകലുകയാണ്, താളവും. ഉറക്കമൊക്കെ എങ്ങോ പോയി. ജീവിതത്തിന്റെ കറണ്ട് കണക്ഷൻ ശരിയാക്കിക്കിട്ടാൻ ഇത്രയും അർഹരായവർ ഇന്നും ഇരുട്ടിൽ കിടക്കുമ്പോൾ നിനക്കൊക്കെ ആര് എന്ന് തിരിവെളിച്ചം തരാനാടാ എന്ന് എന്നോട് ആരോ ചോദിക്കുന്നതുപോലെ തോന്നി. എന്തായാലും തിരുവനന്തപുരത്തെത്തി നേരെ റൂമിലേക്ക് പോകണം, റൂമിൽനിന്ന് ബൈക്കെടുത്ത് നേരെ ശരവണഭവൻ. അവിടെനിന്ന് കറുത്തപ്പൂപ്പനും വെളുത്തപ്പൂപ്പനും വണക്കവും പറഞ്ഞ് രസവടയും ചായയും തട്ടിയിട്ട് നേരെ നെയ്യാറ്റിൻകരയ്ക്ക്.