മെയിൻ റോഡിൽ നിന്നും ആ കൊച്ചു വളവിലേക്ക് തിരിഞ്ഞ സൂര്യ രശ്മികൾ ഏതാണ്ട് ഒരു ഇരുന്നൂറു മീറ്റർ മുന്നോട്ട് പോയപ്പോളാണ് ആ ചെറിയ കട കണ്ടത്. വാതിൽക്കൽത്തന്നെ പഴയതെങ്കിലും തുടച്ചു മിനുക്കിയ ചില്ലലമാര. എന്നാൽപ്പിന്നെ അതിലൂടെയും ഒന്ന് കടന്നേക്കാമെന്നു വിചാരിച്ചപ്പോഴാണ് രശ്മിക്ക് അതിന്റെ ബുദ്ധിമുട്ട് മനസ്സിലായത്. ആകെ വൈവിധ്യമാർന്ന ഒരു ടോപ്പോഗ്രഫി. വെളുത്ത മൊട്ടക്കുന്നുകൾ പോലെ ഇഡ്ഡലികൾ, ഒരായിരം ചെറുപുഴകൾ കൂടിക്കലർന്നൊഴുകുന്ന പോലെ ഇടിയപ്പങ്ങൾ, വലിയ സമതലപ്രദേശങ്ങളായ ദോശകൾ, അഗ്നിപർവ്വത ക്രേറ്ററുകൾ പോലെ ഉഴുന്നുവടകൾ, എന്തിനേറെ പറയുന്നു, ആവക ഈവകയൊക്കെക്കൂടി ചെറിയൊരു ഭൂഗോളത്തിനു ചുറ്റും സഞ്ചരിക്കുന്ന എഫർട്ട് ഇടേണ്ടിയിരിക്കുന്നു. എന്നിരുന്നാലും വന്നതല്ലേ, എല്ലാവരെയും ഒന്ന് ചൂടാക്കി കടന്നു പോയേക്കാമെന്നു കരുതി അകത്തേയ്ക്കു കയറിയ രശ്മി അകത്തുള്ളവയെല്ലാം തന്നെ തന്നിലും ചൂടാണല്ലോയെന്ന പരിഭവത്തിലും, താൻ പ്രഭാതരശ്മിയായതിനാലാവാം ചൂട് കുറവെന്ന ആശ്വാസത്തിലും അപ്പുറത്തൂടെ പുറത്തേയ്ക്കു കടന്നു. പുറത്തിറങ്ങി ഒന്ന് തിരിഞ്ഞു നോക്കിയപ്പോഴാണ് കടയിലെ കൗണ്ടറിൽ ഇരിക്കുന്നയാളെ രശ്മി കണ്ടത്. കറുത്ത കട്ടി മീശ മുകളിലേക്ക് പിരിച്ച വെച്ചിരിക്കുന്നു. കഴുത്തിൽ വലിയ രുദ്രാക്ഷമാല. കറുത്ത ഷർട്ട്, കറുത്ത മുണ്ട്, കറുത്തിരുണ്ട് കുറിയ, എന്നാൽ വണ്ണവും സുന്ദരമായ കുടവയറും ഉള്ള ഒരൊത്ത മനുഷ്യൻ. നെറ്റിയിൽ ഒരു ചുവന്ന സിന്ദൂരക്കുറിയുമുണ്ട്. താൻ ത്രേതായുഗത്തിൽക്കണ്ട സാക്ഷാൽ രാവണനല്ലിയോ ഇതെന്നൊരദ്‌ഭുതത്തോടെ രശ്മി യാത്ര തുടർന്നു.
ചെറുപ്പമായതിനാലും പകൽ ക്ലാസ്സിനു പോകണമെന്നതിനാലും ഈയുള്ളവനും ഏകദേശം ഇതേ സമയത്താണ് ഇപ്പറഞ്ഞ കടയിൽ എത്തുന്നത്. അകത്തേക്ക് കയറുമ്പോ “രാവണനല്ലിയോ ഇത്” എന്നാരോ പറയുന്നതുപോലെ തോന്നിയെങ്കിലും കലിയുഗത്തിൽ എന്ത് രാവണനെന്ന് മനസ്സിൽ ഉത്തരം പറഞ്ഞ് ഭിത്തിയോട് ചേർത്തിട്ട മേശകളിലൊന്നിൽ ഇരുന്നു.
വർഷങ്ങളുടെ കടൽയാത്രകൾക്കൊടുവിൽ ഭൂഖണ്ഡങ്ങൾ കൂടിച്ചേരുമ്പോൾ പർവ്വതങ്ങൾ ഉണ്ടാകുന്നു. അങ്ങനെയുണ്ടാകുന്ന പർവ്വതങ്ങൾ തമ്മിൽ തമ്മിൽ കൊമ്പുകോർത്ത് തങ്ങളിലേക്ക് തന്നെ ഇടിച്ചുകയറുന്ന ഭൂഖണ്ഡങ്ങൾക്കിടയിൽ മുകളിലേക്ക് വളരും. വളഞ്ഞുപുളഞ്ഞും മടങ്ങിയും നിവർന്നും നൂറ്റിക്കണക്കിനു വർഷങ്ങൾ കൊണ്ടു വളർന്ന് ആജാനുബാഹുക്കളായി നിലകൊള്ളുന്ന അത്തരം പർവ്വതങ്ങളെ ‘ഫോൾഡ് മൗണ്ടൻസ്’ എന്ന് വിളിച്ചുവരുന്നു. അത്തരമൊരു ഫോൾഡ് മൗണ്ടൻ പിറവികൊള്ളുന്നതുപോലെ കൗണ്ടറിൽ ഇരുന്ന ആ മനുഷ്യൻ പയ്യെ എഴുന്നേറ്റു നിന്നു. പുതുതായി തന്റെ ലോകത്തേക്ക് കടന്നുവന്ന ഞാനെന്ന ബിന്ദുവിനെ ഒരു പുരികം ചെറുതായൊന്നുയർത്തിനോക്കി കടയുടെ പിറകിലേക്ക് പോയി.
ഓർഡർ എടുക്കാൻ വന്ന ചേട്ടൻ ഒരീച്ച എന്റെ മുൻപിൽ ചിലവിടുന്ന സമയം പോലും തരാതെ മുഖം തിരിച്ചു പോയെങ്കിലും ഒരു മിനിറ്റിനുള്ളിൽ വാഴയിലയിൽ ഇടിയപ്പവും കടലയും എന്റെ മുന്നിലെത്തി. വാഴയിലയിൽ മുൻപ് ഇടിയപ്പം കഴിച്ചിട്ടില്ലാത്തതിനാലോ മൊത്തത്തിലുള്ള ആമ്പിയൻസ് കാരണമോ വല്ലാത്ത രുചിയുള്ള ഇടിയപ്പവും കടലയും ഏതാണ്ട് മൂന്നിൽ രണ്ടു ഭാഗവും തട്ടിയപ്പോഴേക്കുമാണ് കഥയ്ക്ക് ആസ്പദമായ സംഭവം നടക്കുന്നത്. മൊബൈൽ ഫോണുകൾ ഇന്നത്തെയത്ര പുരോഗമിച്ചിട്ടില്ലെങ്കിലും ഫെയ്ബുക്ക് താരംഗമായിരുന്ന അന്നത്തെ കാലത്ത് രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ തന്നെ ഫെയ്സ്‌ബുക്കിലുള്ള പുരാതന ഡൂംസ്ക്രോളിങ് തുടങ്ങിയിരുന്നു. അക്കാലത്തിൻ്റെ യുവപ്രതിനിധിയെന്ന നിലയിൽ എൻ്റെ വക ഫോണിൽ തോണ്ടൽ ഇടിയപ്പം തട്ടുന്നതിനൊപ്പം നല്ലരീതിയിൽ നടത്തിവരുമ്പോഴാണ് ഇടിമുഴക്കം പോലൊരൊച്ച കേട്ടത്.
“യാരെടാ!?”
ഞെട്ടലിൽ മുഴുവനായി വിഴുങ്ങാൻ വിട്ടുപോയ ഇടിയപ്പത്തിൻ്റെ ഒരു നൂല് വായുടെ വലതുവശത്തുകൂടെ പുറത്തേക്ക് ഇട്ടുകൊണ്ട് ഞാൻ നോക്കുമ്പോൾ രാവണൻ മുന്നിൽ നെഞ്ചുവിരിച്ച് നിൽക്കുന്നു. പക്ഷെ ചോദ്യം എന്നോടല്ല, അടുത്തിരിക്കുന്ന മറ്റൊരു യുവപ്രതിനിധിയോടാണ്.
“ഗേൾഫ്രണ്ടാ!?”
വീണ്ടുമൊരിടിമുഴക്കം പോലെ അടുത്ത ചോദ്യം.
ചോദ്യം കേട്ടവന് കാര്യമായി ഒന്നും മനസ്സിലാവാത്തതുകൊണ്ട് അവൻ്റെയും വായ അല്പം തുറന്നുതന്നെയിരുന്നു.
“സാപ്പിടുമ്പോത് ഫോണിലെ യാർക്കിട്ടെ മെസ്സേജ് സെയ്യുന്നു?”
തമിഴാളത്തിലാണ് ചോദ്യം.
പ്രജ്ഞ കുറച്ച് വീണ്ടെടുത്ത എൻ്റെ ബെഞ്ച്മേറ്റ് അദ്‌ഭുതത്തോടെ “വൈഫിനു മെസ്സേജ് സെയ്യുന്നു അണ്ണാ” എന്ന് തമിഴാളത്തിൽത്തന്നെ മറുപടി പറഞ്ഞു.
“ഉം! വൈഫ് പോലും!
ഗേൾഫ്രണ്ട് ആയിരിക്കും!
അല്ലെങ്കിൽ ഇപ്പടി രാവിലെതന്നെ ഫോണിൽ കുത്തി ഇരിക്കുമോ?”
അണ്ണൻ യുവാവിനെ വിടാൻ തീരെ ഭാവമില്ല!
സഹജീവിയുടെ പ്രൈവസി വയലേറ്റ് ചെയ്യപ്പെടുന്നതിൽ എൻ്റെ രക്തം ചെറുതായി തിളച്ചു തുടങ്ങിയെങ്കിലും മുന്നിൽ നിൽക്കുന്ന രാവണസ്വരൂപൻ്റെ ചെറിയൊരു തട്ടുപോലും മേൽപ്പറഞ്ഞ രക്തം ചിന്താൻ ശേഷിയുള്ളതാണെന്ന തിരിച്ചറിവ് ആ തിളപ്പിനെ ശമിപ്പിച്ചു. ഇടിയപ്പത്തിൻ്റെ നൂല് തിരികെ കയറിപ്പോയി.
“സാപ്പാട് എന്നാൽ കടവുൾ മാതിരി. അതേ ഇൻസൽട്ട് പണക്കൂടാത്!
ഫോണ് ഗീണെല്ലാം സാപ്പിടതുക്കപ്പുറം!
ഉം?”
അവസാനത്തെ ‘ഉം’ എന്ന മുരൾച്ചയിലാണ് എനിക്ക് കാര്യം മനസ്സിലായത്.
ഞാൻ ഇരിക്കുന്നത് മറ്റൊരു ലോകത്താണെന്നും ഇഹലോകവും റോഡിനപ്പുറത്തുള്ള പരലോകമാകുന്ന നഗരവും തമ്മിൽ വല്ലാത്ത അന്തരമുണ്ടെന്നും, ഇവിടെയുള്ള മനുഷ്യരിൽ കുറച്ചുപേരെങ്കിലും ഇപ്പോഴും ഇത്രയധികം പഴയ മൂല്യങ്ങൾ മുറുകെ പിടിക്കുന്നുണ്ടെന്നും, ഭക്ഷണത്തെ കടവുൾ മാതിരി കാണുന്നുണ്ടെന്നും, പുതിയ തലമുറയ്ക്ക് ഏറെ പ്രാധാന്യമുള്ള പ്രൈവസി പോലെയുള്ള കാര്യങ്ങൾ സാമൂഹ്യ ജീവികളായ ഈ മനുഷ്യർക്ക് ഒരുപക്ഷെ മുഴുവനായും മനസ്സിലാവില്ലെങ്കിൽ പോലും ഇവരും മറ്റുള്ളവരും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം പൊതുവെ എല്ലാത്തിനോടുമുള്ള ഒരു മര്യാദയും ബഹുമാനവും ആണെന്നും, ഇപ്പറഞ്ഞ മൂല്യങ്ങളുള്ള അവസാനത്തെ തലമുറ രാവണസ്വരൂപൻ്റെതായിരിക്കുമെന്നുമൊക്കെയുള്ള ഒരു തിരിച്ചറിവ് എനിക്കുണ്ടായി. ആ തിരിച്ചറിവിൽ ഞാൻ എൻ്റെ ഫോൺ പതിയെ പോക്കെറ്റിലേക്ക് വെച്ചു.
എന്തുകൊണ്ടോ മൂന്നാമത്തെ ഇടിയപ്പത്തിന് കുറച്ചുകൂടി രുചി തോന്നി.
