ഓഫീസിൽ പോകേണ്ടല്ലോ എന്നോർത്തുള്ള ചിരിയോടെയാണ് ഓരോ ശനിയാഴ്ചപ്പ്രഭാതങ്ങളും പൊട്ടിവിടരുന്നത്. എന്തുകൊണ്ടോ, വെയിലിനു ഒരൽപ്പം കൂടുതൽ കുളിരും, കിളികളുടെ ബഹളത്തിന് ഒരൽപ്പം വിദ്യാസാഗർ ടച്ചുമൊക്കെയാണ് വാരാന്ത്യങ്ങളുടെ തുടക്കത്തിൽ. അന്നാണ് ഒൻപതരയ്ക്ക് ഉണർന്നാലും ഒരു പിരിമുറുക്കവുമില്ലാതെ തിരിഞ്ഞു കിടക്കാൻ പറ്റുന്നത്. അന്നാണ് തലേന്ന് വരെ ഹുബ്ലിയിൽ വീശിയിരുന്ന പൊടിക്കാറ്റ് മന്ദമാരുതനാകുന്നത്. അങ്ങനെയങ്ങനെയങ്ങനെ…
…യങ്ങനെയുള്ള പ്രഭാതങ്ങളിൽ ഉണർന്നു പല്ലുതേയ്ക്കാതെ, മുഖം കഴുകി, തലയിലൊരു തൊപ്പിയും വെച്ചു പ്രസന്നയുടെ കടയിലേക്ക് എഴുന്നള്ളാറാണ് പതിവ്. ദൂരെനിന്നു കാണുമ്പോഴേ പ്രസന്ന ഒരമ്മയുടെ വാത്സല്യത്തോടെ, “ആഹാ, ആജ് തോ ആപ് ജൽദി ഉഠാ ക്യൂ?” എന്ന് ഉറക്കെ ചോദിച്ചുകൊണ്ട് ഞാൻ ഓർഡർ ചെയ്യാൻ മനസ്സിൽ ഉദ്ദേശിച്ച ഇഡ്ഡലിയും വടയും മേശപ്പുറത്തേയ്‌ക്ക് വെച്ചുകഴിയും. അവനെ നോക്കി വെളുക്കെ ചിരിച്ചു തലേന്ന് പഠിച്ച കിക്ക് ബോക്സിങിന്റെ പാഠങ്ങൾ നാഗപ്പണ്ണൻ്റെയോ ഗണേശൻ്റെയോ മുതുകത്തു ഒന്ന് പരീക്ഷിച്ചുനോക്കിയിട്ട് ഇഡ്ഡലിക്കുമുന്നിൽ ഇരിക്കും. അപ്പോഴേക്കും നാഗപ്പണ്ണൻ, “കേ റ്റീ ബേക്കാ കാപ്പി ബേക്കാ” എന്ന് ചോദിച്ചു മുന്നിൽ വന്നു നിൽക്കും. വല്ലാത്തൊരു ചോദ്യമാണത്. ജീവിതത്തിൽ നല്ലപ്പോഴേ ഇത്ര വലിയ സോ കാൾഡ് ഡിലെമ്മകൾ വന്നുചേരാറുള്ളൂ.
കേ റ്റീ എന്ന് പറഞ്ഞാൽ ‘കടക് റ്റീ’.
എന്ന് പറഞ്ഞാൽ കടുപ്പമുള്ള ചായ.
എന്ന് പറഞ്ഞാൽ നാട്ടിലെ സാധാരണ ചായ.
കെ റ്റീ ഓർഡർ ചെയ്‌താൽ ഗണേശൻ്റെ കിടിലൻ കാപ്പി മിസ്സാകും. കാപ്പി ഓർഡർ ചെയ്‌താൽ നാഗപ്പണ്ണൻ്റെ ഹൃദയത്തിൽ നിന്നൊഴുകുന്ന കെ റ്റീ മിസ്സാകും. ബിസ്സിനെസ്സ് ജാർഗണിൽ പറഞ്ഞാൽ ലോസ്-ലോസ് സിറ്റുവേഷൻ ആണ്. എന്നിരുന്നാലും ഏതെങ്കിലുമൊന്ന് ഓർഡർ ചെയ്തു പതിയെ സ്പൂണെടുത്തു ഇഡ്ഡലിക്കിട്ടു ഒരു കുത്തു കൊടുക്കും.
സാമ്പാർ തടാകത്തിനു നടുവിലെ ആ വെളുത്ത ഇഡ്ഡലി ദ്വീപ് ചെറുതായി ഒന്നിളകും. ആ ദ്വീപിലേക്ക് ഒരു ദൈവത്തിനെപ്പോലെ സാമ്പാറിൻ്റെ വേലിയേറ്റങ്ങൾ ഞാൻ കോരിക്കോരിയൊഴിക്കും. ദ്വീപു മുഴുവനായി മുങ്ങിക്കഴിയുമ്പോൾ അതേ സ്പൂണുകൊണ്ട് ദ്വീപു ഞാൻ വീതം വെയ്ക്കും. എന്നിട്ടു മേൽപ്പറഞ്ഞ വടയെ വലിച്ചു തടാകത്തിലേക്കിടും. ചെറുതിരകൾ തീർത്തുകൊണ്ട് വട തടാകത്തിലേക്ക് ഒഴുകിയിറങ്ങും. വടയ്ക്കും കൊടുക്കും ഒരു കുത്ത്. നടുവിലെ തുളയിലൂടെ ഒരഗ്നിപർവ്വതസ്ഫോടനം പോലെ സാമ്പാർ പരക്കും. പർവ്വതത്തെയും ഞാൻ വിഭജിക്കും. വേലിയേറ്റങ്ങളും അഗ്നിപർവ്വതസ്ഫോടനങ്ങളും സൃഷ്‌ടിച്ച ഞാൻ ഒരു സാധാരണക്കാരനെപ്പോലെയിരുന്ന് ഒരു ഇഡ്ഡലിക്കഷണം വായിലേക്കിടും. ഖസാക്കിൻ്റെ ഇതിഹാസം എങ്ങിനെയോ അറിയുന്ന ഇഡ്ഡലിക്കഷണം, “അനുജാ, നീയെന്നെ മറന്നുവോ?” എന്ന് ചോദിച്ചുകൊണ്ട് എൻറെ വയറ്റിലേക്ക് യാത്രയാകും. ജനിമൃതിയുടെ വേലിയേറ്റങ്ങളും തിരകളും ഭൂമി പകുക്കലുമൊക്കെ ആരുമാരുമറിയാതെപോകും.
അങ്ങനെയുള്ള ഒരു പ്രഭാതത്തിലാണ് തൊപ്പിക്കിടയിലൂടെ പുറത്തേക്കുനീണ്ട എൻറെ മുടി പ്രസന്ന കാണുകയും, വല്ലാതെ നീണ്ടെന്നു ചെറുതായൊന്നു പരിഭവിക്കുകയും ചെയ്തത്. അവൻ പറഞ്ഞാൽ ഞാൻ വെട്ടും. അതിപ്പോ മുടിയെങ്കിൽ അങ്ങനെ. അന്നാദ്യമായാണ് പ്രസന്നക്കടയുടെ നേരെ എതിരെയുള്ള സുപാർ (SUPAR) ഹെയർഡ്രെസ്സെഴ്സിൽ പോയത്.
(അദ്ദേഹം ഉദേശിച്ചത് സൂപ്പർ ഹെയർഡ്രെസ്സെഴ്സ് എന്നാണെന്നും, ബോർഡ് എഴുതിയ ചേട്ടൻ കന്നടയിൽ മാത്രം എഴുതി ശീലിച്ചതിനാൽ ആംഗലേയത്തിൽ അൽപ്പം പുറകോട്ടാണെന്നും, പിന്നീടെപ്പോഴോ ആണ് മനസ്സിലായത്. ആയതിനാൽ കഥയുടെ ആത്മാവ് നിലനിർത്താൻ മേൽപ്പറഞ്ഞ പേരുതന്നെയാകും ഉപയോഗിക്കുക.)
സുപാറിൻ്റെ ഉടമ, ഭാഷാദേശനാഗരികഭേദമന്യേ, ഈ ഭൂമിയിൽ മനുഷ്യരാശിയുടെ പിറവിമുതൽക്ക് എല്ലാ ബാർബർമാരും കാത്തുസൂക്ഷിച്ചുപോരുന്ന ഒരു വൃത്തിക്കും വെടിപ്പിനും ഉടമയാണ്. പുറകിലേക്കും വശത്തേക്കും എണ്ണതേച്ച് ചീകിയൊതുക്കിയ തലമുടി. വശത്തേക്കുള്ള വകർപ്പ് ജർമൻ സാങ്കേതികവിദ്യ ഉപയോഗിച്ചു വരഞ്ഞതിനാൽ ആ വരയാണ് നാട്ടിൽ സ്കൂൾ കുട്ടികൾക്കുള്ള സ്കെയിൽ നിർമാണത്തിന് റഫറൻസ് ആയി ഉപയോഗിക്കുന്നത്. ചെവിയുടെ വശത്തായി കൃതാവ് കത്തിപോലെ മൂർച്ചപ്പെട്ട് നിൽക്കുന്നു. ഷേവ് ചെയ്യാറാകുമ്പോൾ അദ്ദേഹം തൻ്റെ കൃതാവ് ചെവിയുടെ വശത്തുനിന്നെടുത്ത് കത്തിയായി ഉപയോഗിക്കുകയും, ഉപയോഗശേഷം കൃതാവായി റീസൈക്കിൾ ചെയ്യുകയും ചെയ്യുന്നു. കാതിൽ ഒരു ചുവന്ന കടുക്കനുണ്ട്. (സത്യം!) പണ്ടെങ്ങോ നാടുവിട്ട കൂട്ടുകാരന് കൊടുക്കാൻ മനസ്സു വരാത്തതുകൊണ്ടാകാം, അത് കാതിലങ്ങനെ വിളങ്ങി കിടക്കുന്നു.
ചെന്നിരുന്നപ്പോ അദ്ദേഹത്തിന്റെ മുഖത്ത് വല്ലാത്തൊരു സെറിനിറ്റി. തിക്കുറിശ്ശി പണ്ട് ഹരിശ്ചന്ദ്രയിൽ ‘ആത്മവിദ്യാലയമേ’ എന്ന പാട്ടിൽ –
‘തിലകം ചാർത്തി
ചീകിയുമഴകായ്
പലനാൾ പോറ്റിയ
പുണ്യ ശിരസ്സേ ‘
– എന്ന് പാടുന്ന എക്സ്പ്രഷനോടുകൂടി എൻ്റെ തല പിടിച്ചു ചരിച്ചും തിരിച്ചുമൊക്കെ നോക്കിയിട്ട് കഴുത്തിന് ചുറ്റും വെള്ളത്തുണി കെട്ടി. എൻ്റെ എല്ലാവിധ ആവശ്യങ്ങളെയും അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞുകൊണ്ട്, സ്ലിങ്-ചിങ് എന്ന് ആ മിനുങ്ങുന്ന കത്രികയും ചീപ്പും എൻ്റെ തലയിലൂടെ ഓടിനടന്നു. ഒടുവിൽ മേൽപ്പറഞ്ഞ എല്ലാ ബാർബർമാരുടെയും തലപോലെ എൻ്റെ തലയും ചീപ്പ്-വകർപ്പ് സ്റ്റൈൽ ആയപ്പോ അദ്ദേഹം സംതൃപ്തിയോടെ എന്നെ നോക്കി ഒന്ന് ചിരിച്ചു. എന്നിട്ട് “ഹെഡ് മസാജ് ബേക്കാ?” എന്ന് ചോദിച്ചു. നാട്ടിൽ ഈ സാധനം അധികം കണ്ടിട്ടില്ലായിരുന്നത് കൊണ്ടും, എൻ്റെ കൺസെന്റിന് അവിടെ വലിയ പ്രസക്തി ഇല്ലായിരുന്നതുകൊണ്ടും ഞാൻ തലകുലുക്കി. (ഈ ചെറിയ ജീവിത കാലയളവിനുള്ളിൽ ഞാൻ ഒരുപാട് ആവശ്യനാവശ്യങ്ങൾക്കു തലകുലുക്കിയിട്ടുണ്ട്. പക്ഷെ ഇതായിരുന്നിരിക്കണം എൻ്റെ എളിയ അഭിപ്രായത്തിൽ ഞാൻ ഇതുവരെ കുലുക്കിയതോ ഇനി കുലുക്കാൻ പോകുന്നതോ ആയിട്ടുള്ള എല്ലാ കുലുക്കലുകളെക്കാളും ഇമ്പാക്ട്ഫുൾ.)
എൻ്റെ തല ഒരു കൊട്ടതേങ്ങാ പോലെ അദ്ദേഹത്തിന്റെ കൈകളിൽ കിടന്നുരുണ്ടു. മെസ്സിയുടെ ബോൾ കൺട്രോളിനെ കവച്ചുവെക്കുന്ന കൈയ്യൊതുക്കം. തലയുടെ ഏതൊക്കെയോ വശങ്ങളിൽനിന്ന് എന്തൊക്കെയോ ശബ്ദങ്ങൾ കേൾക്കുന്നു. ജീവിതത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത നിറങ്ങളും രൂപങ്ങളും എൻ്റെ ചിന്തയിൽ മിന്നി മറയുന്നു. അന്തരാളങ്ങളിൽ എവിടെനിന്നോ എൻ്റെ പ്രജ്ഞ “അപ്പൂ” എന്നെന്നെ വിളിക്കുന്നു. ഞാൻ അതിനോട് എനിക്കറിയാത്ത ഏതോ ഭാഷയിൽ മിണ്ടാതിരിക്കാൻ ആവശ്യപ്പെടുന്നു. അങ്ങനെ ഒരു ജന്മം പോലെ തോന്നിയ അഞ്ചു മിനിറ്റുകൾക്കൊടുവിൽ അദ്ദേഹത്തിന് ചോദിച്ച പൈസയും കൊടുത്ത് ഒരു റബ്ബർ ബാന്റുപോലെ ഞാൻ വീട്ടിലേക്കു പോയി. പിന്നെയും ഒരുപാട് തവണ ഞാൻ സുപാറിൽ പോയി. അദ്ദേഹത്തിൻ്റെ കുടുംബത്തെപ്പറ്റിയും എൻ്റെ വീട്ടുകാരെപ്പറ്റിയുമൊക്കെ ഞങ്ങൾ സംസാരിച്ചു. എൻ്റെ ‘കുട്ടപ്പൻ’ ലുക്ക് ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങി. ഓരോ തവണയും പുതിയ നിറങ്ങൾ ഞാൻ കണ്ടു. പക്ഷെ ഇടയ്‌ക്കെപ്പോഴോ നാട്ടിൽ പോയ ഒരിക്കൽ അവിടെനിന്നു മുടി വെട്ടേണ്ടിവന്നിടത്തു നിന്നാണ് പ്രശ്നങ്ങൾ തുടങ്ങിയത്.
അടുത്ത മുടിവെട്ടിനു വീണ്ടും സുപാറിൽ ചെന്നപ്പോ എന്നെ കണ്ട ആ മുഖത്ത് സെറിനിറ്റിയുടെ അംശം പോലുമില്ല. ഭർത്താവിനെ ഏതോ അന്യസ്ത്രീയുടെ കൂടെക്കണ്ട ഭാര്യയെപ്പോലെ ദേഷ്യവും പരിഭവവും ഒക്കെ. ഇരിക്കുന്നതിന് മുൻപുതന്നെ എൻ്റെ മുടിയിൽ കടന്നുപിടിച്ച്, “കഹീം ഓർ സെ ബാൽ കാട്ടാ ക്യാ?” എന്നൊരു ചോദ്യം.
ഞാൻ ഉത്തരം കിട്ടാതെ തലകുനിച്ചുനിന്നു.
മുടിയുടെ നീളവും വണ്ണവും ഒക്കെ അളന്ന് രണ്ടു വിരലുകൾക്കിടയിൽ കുറച്ച് മുടി കൂട്ടിപ്പിടിച്ച് “ഫിംഗർ കട്ടിങ്ങ് ധാ നാ?” എന്ന് അടുത്ത ചോദ്യം.
ഞാൻ ഒന്നും മിണ്ടാതെ തല കുലുക്കി.
“ക്യൂ കിയാ ഐസെ?” ഓരോ ചോദ്യവും ശരം പോലെ എൻ്റെ നെഞ്ചിൽ തറഞ്ഞു കയറി.
നാട്ടിൽ പോയിരുന്നെന്നും എവിടെയോ വിരുന്നു പോകേണ്ടിയിരുന്നതിനാൽ അത്യാവശ്യമായി മുടി വെട്ടേണ്ടി വന്നുവെന്നും ഇനി മേലിൽ ചെയ്യില്ലെന്നുമൊക്കെ ഞാൻ പറഞ്ഞൊപ്പിച്ചു. നേർത്ത ഒരു പുഞ്ചിരി ആ മുഖത്തു തെളിഞ്ഞു.
ഹാവൂ! സമാധാനം.
പുതുതലമുറയിലെ സോ കാൾഡ് സ്പാകളിൽ നിന്ന് മുടിവെട്ടിയാലുള്ള കുഴപ്പങ്ങളെപ്പറ്റിയും മേൽപ്പറഞ്ഞ ഫിംഗർ കട്ടിങ്ങിൻ്റെ ദൂഷ്യവശങ്ങളെപ്പറ്റിയുമൊക്കെ ചെറിയൊരു ക്ലാസ് എടുത്തു തന്നിട്ട് എന്നത്തേയും പോലെ എൻ്റെ മുടിവെട്ടാനാരംഭിച്ചു. ഞാൻ അച്ചടക്കമുള്ള ഒരു കുട്ടിയെപ്പോലെ എല്ലാം കേട്ടുകൊണ്ടിരുന്നു.
അടുത്ത തവണ പോയപ്പോഴാണ് അദ്ദേഹത്തോട് വീണ്ടും പഴയ നിലയിൽ സംസാരിക്കാനുള്ള എൻ്റെ കഠിനപ്രയത്നത്തിനിടെ, വർഷങ്ങളായി എൻ്റെ മനസ്സിൽ ഒരു മീൻമുള്ളുപോലെ കുത്തിനിന്ന, ഓരോ ബാർബർമാരെ കാണുമ്പോഴും ചോദിക്കണമെന്ന് വെമ്പൽ കൊണ്ടിരുന്ന ആ വലിയ ചോദ്യം അറിയാതെ പുറത്തു ചാടുന്നത്.
വല്യ റാം കപ്പാസിറ്റി ഒന്നുമില്ലെങ്കിലും, മുടി ചീകാനും ചിരിച്ചുകാണിക്കാനും ഭക്ഷണം കഴിക്കാനുമുള്ള പാർട്സ് ഒക്കെത്തന്നെയും തലയിൽ ആയിരുന്നതുകൊണ്ടും, മേൽപ്പറഞ്ഞ തല അദ്ദേഹത്തിന്റെ കൈയ്യിൽ കിടന്നു പതിനാറു ദിക്കിലേക്കും അർദ്ധനിമിഷങ്ങളിൽ തിരിഞ്ഞുകൊണ്ടിരിക്കുന്നതുകൊണ്ടും, ഒരു ചെറിയ ഭയത്തോടെ, കഴുത്തൊന്നു ബലം പിടിച്ച്, ധൈര്യം സംഭരിച്ച് ഞാൻ ചോദിച്ചു,
“ആപ് കാ ബാൽ കോൻ കാട്തേ ഹേ?”
മസാജ് ഒന്നുനിന്നു. ഒരു മൂന്നു നിമിഷം ഞാൻ താളവട്ടം സിനിമയുടെ അവസാനം മോഹൻലാൽ കിടക്കുന്നതുപോലെ, തല പിടലിക്ക് വടക്കുപടിഞ്ഞാറേക്കായി, ജീവിതത്തിലെ നല്ല നിമിഷങ്ങളൊക്കെ ഓർത്തുകൊണ്ട് കിടന്നു. ചെയ്ത പാപങ്ങളൊക്കെ പൊറുക്കണേ ഭഗവാനേ എന്ന് പറയാൻ തുടങ്ങുമ്പോഴേക്കും അദ്ദേഹത്തിൻ്റെ മറുപടി എത്തി.
“മേരാ മാമാ കാ ബെട്ടാ കാട്താ ഹേ.”
മസാജ് വീണ്ടും തുടർന്നു.
ഞാനും.
“അച്ഛാ! ഉസ്‌കോ ഭീ ആപ്കേ ജൈസാ ഹെയർ ഡ്രസിങ് ഷോപ് ഹേ ക്യാ?”
ഇത്തവണത്തെ പോസ് ഏതാണ്ട് ഒരു ഏഴു നിമിഷത്തോളം നീണ്ടു. എൻ്റെ തല സ്‌പൈനൽ കോർഡിനു ഒരു മുഴു പ്രദക്ഷിണം വെച്ച് മേൽപ്പറഞ്ഞ പൊസിഷനിലേക്കു വീണ്ടും എത്തിയിരുന്നു.
“താളവട്ടം-മോഹൻലാൽ-കാലാപാനി-തബു-അതിനുള്ള ടൈം ഇല്ല. തിരിച്ചുവാ-നല്ല നിമിഷങ്ങൾ-തെറ്റുകൾ-“
ഭഗവാനെ വിളിക്കുന്നതിന് മുൻപ് വീണ്ടും വന്നു മറുപടി.
“നഹീ. ഉസ്‌കോ ഹമാരാ ഗാവ് മേം ഏക് സ്പാ ഹേ.
മേം വഹാം ജാകെ കാട്താ ഹേ.”
