“നീയും ഒരു പൂച്ചയല്ലേ? നിന്നെക്കൊണ്ട് എന്തിനു കൊള്ളാം? കണ്ടു പഠിക്ക് എങ്ങനാ പൂച്ചകൾ എന്ന്”.
……………………………………………………………………………………………………………………………………………
സലോമി ഒരു സുന്ദരി ആണ്. ഒരു നാടൻ സുന്ദരി. നീണ്ട കണ്ണുകളും മനോഹരമായ കാലുകളും ഇളം തവിട്ടു നിറവും പിന്നൊരു വാലും ഒക്കെയുള്ള ഒരു സുന്ദരി.
എന്തേ? വാലിൻറെ കാര്യാണോ? ഹ! മറന്നു! അവളൊരു പൂച്ചയാണ്. എന്തായാലും ആ ‘ലോക്കാലിറ്റി’യിലെ കണ്ടന്മാർക്കെല്ലാം സലോമി എന്നു പറഞ്ഞാൽ ജീവനാണ്. അവൾക്കും അങ്ങനെ തന്നെയാണ്. അവൾ തലയും ഉയർത്തി വാല് ‘ശറേ’ന്നു പൊക്കി അതിലേയൊക്കെ അങ്ങനെ നടക്കുമ്പോ മതിലിൽ കണ്ടന്മാർ അങ്ങനെ നിരന്നിരിക്കും, അവളെ ഒന്നു കാണാൻ.
പുള്ളിക്കാരിയെ എനിക്ക് നേരിട്ട് പരിചയം ഇല്ലെങ്കിലും അമ്മ പറഞ്ഞു നന്നായി അറിയാം. കക്ഷി അമ്മേടെ ഒരു സുഹൃത്തിൻറെ പൂച്ചയാണ്. ആദ്യമൊക്കെ അമ്മ കൂട്ടുകാരിയുടെ വീട്ടിൽ പോകുമ്പോ ‘എടീ സലോമീ’ എന്നു നീട്ടിയുള്ള വിളി സ്ഥിരമായി കേൾക്കുമായിരുന്നു. അന്ന് അമ്മേടെ വിചാരം ഈ സലോമി ഇപ്പറഞ്ഞ കൂട്ടുകാരിയുടെ ഒരു പെങ്ങൾ ആണെന്നായിരുന്നു. പിന്നീടെപ്പോഴോ ആ വിളിയും കേട്ട് ‘ക്യാവൂ’ എന്ന് മറുപടിയുമായി അവൾ മുറിയിലേക്കു വന്നപ്പോഴാണ് അമ്മയ്ക്കും കാര്യം മനസ്സിലായത്.
അങ്ങനെയിരിക്കെ ഒരു ദിവസം മേൽപ്പറഞ്ഞ കൂട്ടുകാരിയുടെ വീടിൻറെ അയലത്ത് പുതിയ താമസക്കാർ വന്നു. കൂടെ ഒരു സുന്ദരനും സുന്ദരിയും. രണ്ടും തൂവെള്ള നിറം, പേരിനു പോലും ഒരു പുള്ളിയില്ല. നീല കണ്ണുകൾ, നിറയെ രോമങ്ങളുള്ള ‘ഫൌണ്ടൻ’ പോലത്തെ വാലുകൾ. (ഹ! അതെന്നേ! ഇവരും പൂച്ചകൾ തന്നെ). താമസത്തിനു വന്ന കുടുംബത്തിനുള്ളിലെ മറ്റൊരു ചെറിയ കുടുംബം. ഇനം പേർഷ്യൻ ആണ്. വിദേശത്തെ ‘എക്സോട്ടിക്’ സൌന്ദര്യത്തിനു മുന്നിൽ സലോമി ഒക്കെ എന്ത്? (പുച്ഛം!). നാടൻ സുന്ദരി, നീണ്ട കണ്ണുകൾ എന്നൊക്കെ ഒരു പ്രാസത്തിനു പറയാമെങ്കിലും വിദേശി പൂച്ചയെ കണ്ടപ്പോ പുരുഷ മേധാവിത്വത്തിന്റെയും, ഷോവനിസത്തിന്റെയും, ആഗോളവൽക്കരണതിൻറെയും പ്രതീകങ്ങളായ കണ്ടൻ പൂച്ചകൾ കാലു മാറി.
വിദേശിപ്പൂച്ചകളെ ആ വീട്ടുകാർ വെളിയിൽ വിട്ടിരുന്നില്ല കേട്ടോ? എല്ലാ സുഖ സൗകര്യങ്ങളോടും കൂടിയാണ് അവർ കഴിഞ്ഞിരുന്നതെങ്കിലും മിക്കവാറും ആ വീടിൻറെ ജനൽപ്പടിയിൽ പുറത്തോട്ടു നോക്കി വിഷമിച്ചിരിക്കുന്ന ഇരുവരെയും കാണാമായിരുന്നു. കാര്യം, പേർഷ്യൻ ആണ് വെളുത്തതാണ് എന്നൊക്കെ പറഞ്ഞാലും സാധനം പൂച്ച തന്നെയല്ലേ? അതിനു വെളിയിൽ ഇറങ്ങാതെ പറ്റുമോ? ഇപ്പറഞ്ഞ ജനലിനു മുൻപിലാണ് പണ്ടു മതിലിൽ നിരന്നിരുന്ന കണ്ടന്മാർ ഇപ്പൊ ചുറ്റി തിരിയുന്നത്.
പാവം സലോമി ആരാധകരെ നഷ്ടപ്പെട്ട വിഷമത്തിൽ അങ്ങനെ ഇരിക്കുമ്പോഴാണ് അമ്മയുടെ കൂട്ടുകാരിയുടെ ഡയലോഗ്. “നീയും ഒരു പൂചയല്ലെ? നിന്നെക്കൊണ്ട് എന്തിനു കൊള്ളാം? കണ്ടു പഠിക്ക് എങ്ങനാ പൂച്ചകൾ എന്ന്”.
കാര്യം മറ്റൊന്നുമല്ല. അപ്പുറത്തെ പേർഷ്യൻ പെണ്‍പൂച്ച ഗർഭിണി ആണ്. കുഞ്ഞുണ്ടാകുമ്പോ ഒരെണ്ണതിനെ തരണേ എന്ന് ഇവർ അടുത്ത വീട്ടിൽ പോയി അഭ്യർഥിച്ചു. “വെളിയിൽ കൊടുക്കുന്നില്ല” എന്ന് പറഞ്ഞ് അയൽക്കാർ അത് നിഷ്കരുണം തള്ളി. ആ ദേഷ്യമാണ് ഇവർ പാവം സലോമിയുടെ മേൽ തീർത്തത്. സലോമിക്കുണ്ടായ വിഷമം പറഞ്ഞാൽ തീരില്ല. അതുകൊണ്ട് പറയുന്നില്ല.
നാളുകൾ കടന്നുപോയി. സലോമിയും ഗർഭിണി ആയി. അതൊരു സാധാരണ സംഭവം ആയതുകൊണ്ട് ആരും വലുതായി ശ്രദ്ധിച്ചില്ല. കുറച്ചു നാൾ കൂടി കഴിഞ്ഞു. സലോമി പ്രസവിച്ചു. ഇത്തവണ എല്ലാവരും ശ്രദ്ധിച്ചു. ശ്രദ്ധിക്കുക മാത്രമല്ല ഞെട്ടുകയും ചെയ്തു. കാരണം മറ്റൊന്നുമല്ല. സലൊമിക്കുണ്ടായ കുഞ്ഞുങ്ങൾ നാലെണ്ണത്തിനും തൂവെള്ള നിറം, പേരിനു പോലും ഒരു പുള്ളിയില്ല. നീല കണ്ണുകൾ, വാലിലെ രോമങ്ങൾ മുളയ്ക്കാൻ സമയം ആയിട്ടില്ല. മുളയ്ക്കുമ്പോൾ അവ നിറയെ രോമങ്ങളുള്ള ‘ഫൌണ്ടൻ’ പോലത്തെ വാലുകൾ ആകുമെന്നു തീർച്ച. നിങ്ങൾക്കു കാര്യം മനസ്സിലായി എന്ന് ഞാൻ വിശ്വസിച്ചു കൊള്ളട്ടെ.
……………………………………………………………………………………………………………………………………………….
അനുബന്ധം:
ആ വല്ല്യ വീട്ടിലെ ബന്ധനങ്ങൾ ഒക്കെ തകർത്ത് ആ വിദേശി ആണ്‍പൂച്ച എങ്ങനെ വെളിയിൽ ചാടിയെന്നോ, അങ്ങനെ ചാടാൻ അവനെ എന്താണ് പ്രേരിപ്പിച്ചതെന്നോ ഇന്നേ ദിവസം വരേയ്ക്കും ആർക്കും അറിയില്ല. (സലോമി അകത്തു കയറിയതാകാനും മതി). എന്തുതന്നെ ആയാലും സലോമി വീണ്ടും സന്തോഷവതി ആയി. പാലുപോലെ വെളുത്ത നാലു മക്കളെയും കൊണ്ട് അവൾ വീണ്ടും തല ഉയർത്തിപ്പിടിച്ചു തന്നെ നടന്നു.
