“ഉത്തമൻ ഇതുവരെ വന്നില്ലല്ലോ മോനെ. ഒന്ന് വിളിച്ചു നോക്ക്”
……………………………………………………………………………………………………………………………………………….
കോളേജ് വിദ്യാഭ്യാസം ഒക്കെ കഴിഞ്ഞതിനു ശേഷം ഉറക്കം എണീക്കുന്നതു പതിനൊന്നു മണി കഴിഞ്ഞാണ് . അത് കഴിഞ്ഞു മുഖവും വായും കഴുകും (പല്ല് തേക്കുന്ന ശീലം ഒക്കെ എങ്ങോ പോയി ). അതും കഴിഞ്ഞു കസേരയിൽ വന്നിരിക്കുമ്പോഴേക്കും എല്ലാരുടെയും പ്രാതൽ കഴിഞ്ഞിരിക്കും. ഒറ്റയ്കിരുന്നു കഴിക്കാൻ മടി ആയതിനാൽ രാവിലത്തെ കുറവ് ഊണിൽ പരിഹരിക്കാമെന്ന് കരുതി ഒരു കാപ്പിയും കുടിച്ചു നേരെ കമ്പ്യൂട്ടറിൻറെ മുന്നിലേക്ക് ചെല്ലും. രാവിലെ തന്നെ അതിൻറെ മുൻപിൽ ചെന്നിരിക്കുന്നതിൽ ചെറിയൊരു കുറ്റബോധം കാണും . എന്നാൽ ‘മുഖ പുസ്തകം ‘ തുറക്കുമ്പോഴേ കാണുന്നത് വലതു വശത്തു നിറയെ കത്തിക്കിടക്കുന്ന പച്ച വെളിച്ചങ്ങൾ. “ആഹാ , എല്ലാരും ഉണ്ടല്ലോ ” എന്ന ചിന്ത കുറ്റബോധം ഒക്കെ അങ്ങ് മാറ്റും . പിന്നെ അതിനുള്ളിലേക്ക് ഊളിയിട്ട് ഇറങ്ങുകയായി .ലൈകുകൾ , കമന്റുകൾ, ചാറ്റുകൾ അങ്ങനെ അങ്ങനെ ……..
ആ …അങ്ങനെ രാത്രി മുഴുവൻ മഴ പെയ്തു തോർന്ന ഒരു നനുത്ത ഞായർ പ്രഭാതത്തിൽ എന്റെ മുഖപുസ്തകവും തുറന്നു പിടിച്ചിരിക്കുമ്പോഴാണ് അമ്മയുടെ ഈ ഡയലോഗ് .
“ഉത്തമൻ ഇതുവരെ വന്നില്ലല്ലോ മോനെ. ഒന്ന് വിളിച്ചു നോക്ക് .” ആ പറച്ചിലിലെ ഉത്കണ്ഠ കേട്ടാൽ തോന്നും അമ്മയുടെ ഗൾഫിൽ ഉള്ള ഏതോ ഒരു ബന്ധു വരികയാണെന്ന്. എന്നാൽ അങ്ങനെയല്ല കേട്ടോ . കക്ഷി ഞങ്ങളുടെ ടെലിഫോണ്‍ എക്സ്ചെയ്ഞ്ചിലെ ലൈൻ മാൻ ആണ്. വെറും ലൈൻ മാൻ എന്ന് പറഞ്ഞു ചെറുതാക്കാവുന്ന വ്യക്തിയല്ല കേട്ടോ ഉത്തമൻ. ഒരു നാടിന്റെ മുഴുവൻ ആശയ വിനിമയ സ്വാതന്ത്ര്യമാണ് ‘അദ്ദേഹം’ ആ കറുത്ത കുഞ്ഞു കൈകളിൽ കൊണ്ട് നടക്കുന്നത്. എന്റെ വീട്ടിൽ ടെലിഫോണ്‍ കണക്ഷൻ എടുക്കുന്ന സമയത്തും ഉത്തമൻ തന്നെയാണ് ഇവിടുത്തെ ലൈൻ മാൻ. അതിനും എത്രയോ മുൻപേ അയാൾ ഇവിടെ ലൈൻ മാൻ ആയിരുന്നിരിക്കാം.
ലോർഡ് ടെന്നിസണ്‍ ‘ദി ബ്രൂക്ക്’ എന്ന കവിതയിൽ പുഴയെ കുറിച്ച് എഴുതിയിട്ടുണ്ട് …
“മനുഷ്യർ വരും മനുഷ്യർ പോകും
എന്നാൽ ഞാൻ എന്നെന്നേക്കും ഒഴുകികൊണ്ടേ യിരിക്കും ”
അതു പോലെ തന്നെ ഈ നാടിന്റെ നഖ ശിഖാന്തം ഒഴുകുന്ന നാഡീ ഞരമ്പുകളായ ടെലിഫോണ്‍ കേബിളുകളെ തൊട്ടും തലോടിയും തലമുറകളിലൂടെ ഒഴുകുകയാണ് ഉത്തമൻ എന്ന വ്യക്തിത്വം.
പ്രശ്നത്തിലേക്കു കടക്കാം. മറ്റൊന്നുമല്ല. ഞങ്ങളുടെ ടെലിഫോണ്‍ പ്രവർത്തിക്കുന്നില്ല. പ്രവർത്തിക്കുന്നില്ല എന്ന് പറഞ്ഞാൽ ഒരു ദിവസം രാത്രി അതിയാൻ പെട്ടെന്നങ്ങ് പ്രവർത്തിക്കേണ്ട എന്ന് തീരുമാനിച്ചു.അത്ര തന്നെ . വീട്ടിൽ എല്ലാവർകും തന്നെ ‘മടി’ എന്ന സ്വഭാവഗുണത്തിനു ഒട്ടും തന്നെ പഞ്ഞമില്ലാതതിനാൽ “ഓ, അതങ്ങ് ശരിയായിക്കോളും.” എന്ന് വിചാരിച്ചു ഒരു മാസം തള്ളി നീക്കി. മാസം ഒന്ന് കഴിഞ്ഞിട്ടും ഫോണ്‍ ആശാൻറെ സമരം അവസാനിക്കാതതിനാൽ ചെറിയൊരു ചൂട് വന്നു തുടങ്ങി. അച്ഛനോ അമ്മയോ ആരോ ബി എസ് എൻ എൽ -ഇൽ വിളിച്ചു പരാതി രേഖപ്പെടുത്തി. തനി നാടൻ ഭാഷയിൽ പറഞ്ഞാൽ “അവിടുത്തെ ഏമാന്മാരുടെ മാമൻറെ മക്കൾ ഒന്നുമല്ലല്ലോ ഞങ്ങൾ”. അതുകൊണ്ട് ആ പരാതി അവരുടെ പുസ്തകത്തിൽ അങ്ങനെ ഭംഗിയായി തന്നെ കിടന്നു. മൂന്നും നാലും തവണ അവരുടെ ആപ്പീസ്സിൽ പോയി.
മാസം രണ്ടായി .
പരാതി അപേക്ഷയായി, സങ്കടമായി, ദേഷ്യമായി. എന്നിട്ടും ടെലിഫോണ്‍ അങ്ങനെ തന്നെ.
അങ്ങനെ ഞങ്ങളുടെ ടെലിഫോണ്‍ ദിനങ്ങള്‍ എണ്ണപ്പെട്ടു എന്ന് വിശ്വസിച്ച് ഇരിക്കുമ്പോഴാണ് ഒരു ദിവസം എന്തോ ആവശ്യത്തിന് എനിക്ക് കവല വരെ പോകേണ്ടി വരുന്നത്. സാധനവും വാങ്ങി തിരികെ ബൈക്കിൽ കയറുമ്പോഴാണ് ഒരു കറുത്ത കുറിയ രൂപം മുന്നിൽ. എണ്ണ തേച്ചു വലത്തേക്കു ചീകിയ തലമുടി, നെറ്റിയിൽ ഒരു ചന്ദനക്കുറി, അതിനുള്ളിൽ ഒരു കുങ്കുമക്കുറി, അതിൻറെയും ഉള്ളിൽ ഒരു കറുത്ത പൊട്ട്. തേച്ചു വടി പോലെ ആക്കിയ ഷർട്ടും പാന്റ്റു൦. വെള്ളയിൽ നീല വാറുള്ള പാരഗണ്‍ ചെരുപ്പ്.
ഉത്തമൻ !!!
ഒരു നിമിഷം ചിരിക്കണോ കരയണോ എന്നറിയാതെ ഞാൻ ശങ്കിച്ചു നിന്നു. ഒടുവിൽ “ഉത്തമണ്ണാ ……” എന്ന് നീട്ടി വിളിച്ചു. ആ വിളിയിൽ സന്തോഷവും സങ്കടവും ദേഷ്യവും പരിഭവവും ഒക്കെ ഉണ്ടായിരുന്നു.
വിളി കേട്ടു.
സങ്കടം ഉണർത്തിച്ചു.
“പൊയ്ക്കോ , 0461 അല്ലേ ? വന്നേക്കാം.”എന്നു പറഞ്ഞു ‘അദ്ദേഹം’
[‘അദ്ദേഹം’ ആളുകളെ തിരിച്ചറിയുന്നത് ടെലിഫോണ്‍ നമ്പറിലെ സംഖ്യകൾ ഉപയോഗിച്ചാണ്. എന്നു വെച്ചാൽ ഞാൻ ‘0461’, അടുത്ത വീട്ടിലെ അങ്കിൾ ‘2374’.
‘അദ്ദേഹം’ വീട്ടിൽ ചെന്നാലും ഒരു പക്ഷെ ഇങ്ങനെ തന്നെ ആയിരിക്കും.
“എടീ ‘2233’-ഏ ആ ചായ ഇങ്ങേടുത്തെടീ”.
” മോനെ ‘1346’-ഏ അച്ഛൻറെ കണ്ണാടി കണ്ടോടാ???”
ആകെമൊത്തം സംഖ്യകളുടെ ഒരു കളി തന്നെ ആയിരിക്കും.]
……………………………………………………………………………………………………………………………………………….
ആ…അങ്ങനെ ഉത്തമനെ കണ്ടിട്ട് ഇന്നേക്ക് ഒരാഴ്ചയായി . ഇതുവരെ ഉത്തമൻറെ പൊടി പോലും ഇല്ല. അങ്ങനെയാണ് അമ്മ ഒന്ന് വിളിച്ചു നോക്കാൻ പറയുന്നത് . മൊബൈൽ ഫോണ്‍ എടുക്കണമെങ്കിൽ കസേരയിൽ നിന്ന് എണീക്കണം. അതൊക്കെ വല്യ ബുദ്ധിമുട്ടാണ്.
“പാറൂ… ആ ഫോണ്‍ ഇങ്ങെടുത്തെ…” എന്ന് അനിയത്തിയോട് വിളിച്ചു പറഞ്ഞതും മുറ്റത്ത് ഒരു വണ്ടിയുടെ ശബ്ദം. ഒരു കറുത്ത ‘അക്സെസ്’ വന്നു നില്ക്കുന്നു !!!
“അമ്മാ!!! വന്നൂ” എന്ന എൻറെ ഉറക്കെയുള്ള വിളിയിലെ സന്തോഷത്തിൽ നിന്ന് ആരാണ് വന്നതെന്ന് മനസ്സിലാക്കിയ അച്ഛനും അമ്മയും അനിയത്തിയും ഒക്കെ നിമിഷ നേരത്തിൽ വാതിൽക്കലെത്തി . ഉത്തമൻ അകത്തേയ്ക് കയറാൻ ഞങ്ങൾ ഇരുവശത്തേയ്ക്കും ഭവ്യതയോടെ മാറി നിന്നു. അത്രയും നാളത്തെ ദേഷ്യമെല്ലാം ഞൊടിയിടയിൽ പിണക്കങ്ങളും പരിഭവങ്ങളും ആയി മാറി.
“എത്ര പ്രാവശ്യം പരാതിപ്പെട്ടതാണെന്നോ???”-തെല്ലൊരു ദുഖത്തോടെ അച്ഛൻ പറഞ്ഞു.
“ഒരു കുഴപ്പവും ഇല്ലാരുന്നു .പെട്ടെന്നൊരു ദിവസം അങ്ങ് പോയി.”- മരിച്ചു പോയ ഏതോ ഒരു ബന്ധുവിനെക്കുറിച്ചു പറയുന്നത് പോലെ അമ്മ പറഞ്ഞു.
ഇതൊന്നും തന്നെ ഗൌനിക്കാതെ ഉത്തമൻ ടെലെഫോണിനടുത്തേക്കു നീങ്ങി. ഞാനും .അത്യന്തം ഗൌരവത്തോടെ ഫോണും ചുറ്റുപാടും നോക്കിയിട്ട് ‘സ്പ്ലിറ്റർ’ എടുത്തു നോക്കി. എന്നിട്ട് എന്നെയും .
” സ്പ്ലിറ്റരിൽ വെള്ളം ഒഴിച്ചോടാ ???” എന്നൊരു ചോദ്യം. അച്ഛനോ അമ്മയോ വല്ലോം ആരുന്നേൽ ഞാൻ നല്ല മറുപടി കൊടുത്തേനെ . ഇതിപ്പോ ഉത്തമൻ ആയി പോയി.
“ഇല്ലണ്ണാ …” ഞാൻ ഭവ്യതയോടെ പറഞ്ഞു.
“ഉം …” എന്നൊന്ന് ഇരുത്തി മൂളിയിട്ട് ഉത്തമൻ പോക്കെറ്റിൽ നിന്നും ഒരു സ്പ്ലിറ്റർ എടുത്തു കുത്തി. ഫോണ്‍ ശരിയായി. അത്രതന്നെ.
[എഞ്ചിനിയർ എന്ന് വെച്ചാൽ വീട്ടുപകരണങ്ങൾ നന്നാക്കാൻ കഴിയുന്നവൻ ആണെന്ന് എല്ലാ എഞ്ചിനിയറിംഗ് വിദ്യാർഥികളുടെ അച്ഛനമ്മമാരെയും പോലെ എൻറെ മാതാപിതാക്കളും വിചാരിക്കുന്നുണ്ട്. അവരുടെ നിർബന്ധത്തിനു വഴങ്ങി ഞാൻ ഒരിക്കൽ പുതിയ ഒരു സ്പ്ലിറ്റർ കുത്തി നോക്കിയതാണ്. അന്നൊന്നും ഈ ഫോണ്‍ ശരിയായിട്ടില്ല. ഇതെന്താ ഉത്തമൻ കുത്തിയപ്പോ മാത്രം ഇങ്ങനെ???]
“ഇനി കേടായാൽ തരാൻ വേറെ ഇല്ല” – സ്പ്ലിറ്ററുകളുടെ ജന്മി ഉത്തമൻ ഉവാചാ….
“ശരിയണ്ണാ”…എന്ന് ഞാനും.
അങ്ങനെ ഞങ്ങളുടെ മാസങ്ങൾ നീണ്ട പ്രശ്നം ആ കുഞ്ഞു മനുഷ്യൻ മിനിട്ടുകൾക്കുള്ളിൽ പരിഹരിച്ചു. എന്നിട്ട് ഒന്നും സംഭവിക്കാത്തത് പോലെ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു. ആ കറുത്ത അക്സെസ് പുകയും പരത്തി മറഞ്ഞു .
