ദി ഗ്രേറ്റ്‌ ഇന്ത്യൻ മീഡിയാ സർക്കസ്

“ഹരിതാ നായരുടെ കൂടെ ഉണ്ടായിരുന്ന ഒരു പ്രശസ്ത രാഷ്ട്രീയ നേതാവിൻറ്റെ സീഡി പുറത്തു വിടുമെന്ന് ഒരു പ്രമുഖ രാഷ്ട്രീയ നേതാവ് അറിയിച്ചു”.

ഉണ്ണിക്കുട്ടൻ അച്ഛൻറ്റെ കൂടെ ടീവി കാണുവാരുന്നു. അവനു ആകെ കണ്ഫ്യൂഷൻ ആയി.

“അച്ഛാ, ആരാ ഈ പ്രശസ്ത നേതാവ്?”

“അതിപ്പോ അയാള് ന്യൂസിൽ പറഞ്ഞില്ലല്ലോ മോനെ. അച്ഛന് അറിയൂല്ല”.

“അപ്പൊ ഈ പ്രമുഖ നേതാവ് ആരാ?”

“അതും അയാള് ന്യൂസിൽ പറഞ്ഞില്ലല്ലോ മോനെ.”

“എന്ത് സീഡിയാ അച്ഛാ? ഗെയ്മിൻറ്റെ ആണോ?”

“നിനക്ക് പഠിക്കാൻ ഒന്നുമില്ലേ? പോയിരുന്നു വല്ല പുസ്തകവും വായിക്കെടാ”, അച്ഛൻ പെട്ടെന്ന് ദേഷ്യപ്പെട്ടു.

പോകുന്ന വഴിക്ക് അവൻ അമ്മയോട് പതുക്കെ ചോദിച്ചു, “ഇതൊന്നും  ആ കോട്ട് ഇട്ട ചേട്ടൻ പറയത്തില്ലേൽ പിന്നെ എന്തിനാ അമ്മേ അച്ഛൻ ഓഫീസീന്നു വരുമ്പ തൊട്ട് ടീവീം ഓണ് ചെയ്ത് അങ്ങേരേം നോക്കി ഇരിക്കണേ?”

അമ്മ അവൻറ്റെ കുഞ്ഞു ബുദ്ധിക്കു മനസ്സിലാകുന്നത് പോലെ പറഞ്ഞു കൊടുക്കാൻ ശ്രമിച്ചു,

“അതേ കുട്ടാ, ഇവരുടെയൊക്കെ പേര് അങ്ങനെ ചുമ്മാ വിളിച്ചു പറഞ്ഞൂടാ. വല്ല്യ വല്ല്യ നേതാക്കന്മാരാ. അവരെ ചീത്ത പറഞ്ഞാ അവരുടെ പാർട്ടിക്കാർ വഴക്കിനു വരും.”

ഒന്നും മനസ്സിലായില്ലെങ്കിലും ഉണ്ണിക്കുട്ടൻ തല കുലുക്കീട്ടു പോയിരുന്നു വായിക്കാൻ തുടങ്ങി.

അവൻറ്റെ അച്ഛൻ ഇപ്പോഴും ടീവി ഫുൾ വോളിയത്തിൽ വെച്ച് കോട്ടിട്ട ചേട്ടൻറ്റെ പരാക്രമം അദ്ഭുതത്തോടെ കാണുകയാണ്. ന്യൂസ് രാഷ്ട്രീയം വിട്ടു നാട്ടു വാർത്തകളിലേക്ക് പോയി.

“നാടിനെ നടുക്കിയ അറസ്റ്റ്! ജില്ലയിൽ രണ്ടു സ്ത്രീകളെ അനാശാസ്യ പ്രവർത്തനത്തിന് അറസ്റ്റ് ചെയ്തു. കാച്ചാണി മുക്കിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞു, തോടിനു കുറുകെ പാലം വഴി കടന്നു, ഷാപ്പിനു പിൻവശം ഓല മേഞ്ഞ പതിനെട്ടാം നമ്പർ വീട്ടിലെ രമ (ഇരുനിറം, ഇടതു കവിളിൽ മറുക്, 36 വയസ്സ്), തൊട്ടടുത്ത വീട്ടിലെ ശാന്ത (വെളുത്ത നിറം, 39 വയസ്സ്) എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്. ദൃശ്യങ്ങൾക്കായി ഞങ്ങളുടെ ക്യാമറാമാനോടൊപ്പം  ചേരാം. ശശീ, എന്താണവിടെ സംഭവിച്ചത്? എന്തുകൊണ്ടാണ് ഈ സ്ത്രീകൾ ഇങ്ങനെ പ്രവർത്തിച്ചത്? വിവരങ്ങൾക്കായി ഞങ്ങൾ ആകാംഷയോടെ കാത്തിരിക്കുന്നു”, ഒരു ചെറു ചിരിയോടെ സുകേഷ് എന്ന കോട്ടിട്ട ചേട്ടൻ പറഞ്ഞു നിർത്തി.

ഉണ്ണിക്കുട്ടൻ പുസ്തകം ഒക്കെ മടക്കി വെച്ചിട്ട് വീണ്ടും അച്ഛൻറ്റെ അടുത്ത് ചെന്നിരുന്നു. ക്യാമറാമാൻ ശശി മൂന്നിൽ കുറയാത്ത ആംഗിളുകളിൽ ആ വീടും പരിസരവും ഒപ്പിയെടുക്കുന്നു. വാതിലിലേക്കും വീട്ടു നമ്പറിലേക്കും മാറി മാറി സൂം ചെയ്യുന്നു.

കൂടെ ഉണ്ടായിരുന്ന അവതാരക ശശി സൂം ചെയ്ത ഒരു പയ്യൻറ്റെ മുന്നിൽ കയറി തടഞ്ഞു കൊണ്ട്  ചോദിക്കുന്നു,”മോൻറ്റെ അമ്മയെ അനാശാസ്യത്തിനു അറസ്റ്റ് ചെയ്തതിനെ കുറിച്ച് മോൻറ്റെ അഭിപ്രായം എന്താണ്?”

“മാറി നില്ല് മൈ്#$, എനിക്ക് ഷാപ്പിൽ പണിയുണ്ട്”, എന്ന് പറഞ്ഞു പയ്യൻ നടന്നു പോയി.

“ക്ഷമിക്കണം സുകേഷ്, അത് ആ സ്ത്രീയുടെ മകനല്ല, മറിച്ച് അടുത്തുള്ള ഷാപ്പിൽ ജോലിക്ക് നിൽക്കുന്ന പയ്യനാണ്”, എന്ന് പറഞ്ഞുകൊണ്ട് അവതാരികയും ശശിയും വീടിൻറ്റെ ഉള്ളിലേക്ക് കടക്കുന്നു. അവിടെ  ഇരിക്കുന്ന വയസ്സായ സ്ത്രീയെയും അടുത്തിരുന്ന കുട്ടിയേയും മാറി മാറി സൂം ചെയ്യുന്നു, സ്ക്രീൻ ബ്ലാക്ക് ആൻഡ് വൈറ്റ് ആകുന്നു, സെൻറ്റി ബാക്ക്ഗ്രൌണ്ട് മ്യൂസിക് കേൾപ്പിക്കുന്നു.”

മേശപ്പുറത്ത് ഇരുന്ന പുസ്തകത്തിലെ നെയിംസ്ലിപ് നോക്കിയിട്ട് അവതാരിക വിജയഭാവത്തിൽ തുടരുന്നു, “സുകേഷ്, ഇത് നാട്ടിലെ ലിറ്റിൽ ഫ്ലവർ സ്കൂളിൽ നാലാം ക്ലാസ്സിൽ പഠിക്കുന്ന രഞ്ജിത്ത്. അനാശാസ്യത്തിനു അറസ്റ്റ് ചെയ്യപ്പെട്ട രമയുടെ മകൻ. ഈ കുട്ടിയുടെ ഭാവി ഇനി എന്താകും? അവനെ സ്കൂളിൽ നിന്ന് പുറത്താക്കുമോ? അവൻറ്റെ അമ്മ  ഒരു ചീത്ത സ്ത്രീ ആയിരുന്നു എന്ന് തിരിച്ചറിയുന്ന നിമിഷം അവൻറ്റെ പ്രതികരണം എന്തായിരിക്കും?…” നിർത്താതെ ഒരു പത്തു ചോദ്യം ചോദിച്ചു അവർ ശ്വാസം വിടുന്നു. “ക്യാമറാമാൻ ശശിയോടൊപ്പം ഷാപ്പിനു സമീപത്തു നിന്നും സൂസി”.

സ്ക്രീനിൽ വീണ്ടും സുകേഷ് ചേട്ടൻറ്റെ ടൈ കെട്ടിയ തല പ്രത്യക്ഷപ്പെട്ടു. ചാനൽ ചർച്ച തുടങ്ങുകയായി. നാട്ടിലെ പണിയില്ലാത്ത എല്ലാ രാഷ്ട്രീയക്കാരും, മുടി വളർത്തിയ ബുദ്ധിജീവികളും ഒക്കെ ചാനലിൻറ്റെ പല സ്റ്റുഡിയോകളിൽ കാത്തിരിക്കുന്നു.

അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീകളെ എല്ലാരും കൂടെ വലിച്ച് കീറി ഒട്ടിക്കുന്നു.

അഭിപ്രായങ്ങൾ ഒരുപാടുണ്ടായി.

പാവപ്പെട്ടവന് നാണക്കേടെന്ന് ചുവന്ന പാർട്ടിക്കാരൻ,

ഷാപ്പിനു സമീപമുള്ള വീടായത് കൊണ്ട് ഷാപ്പുകൾ പൂട്ടണമെന്നു നീല പാർട്ടിക്കാരൻ,

ഭാരത സംസ്കാരത്തിന് ചേരാത്തതെന്നു കാവി പാർട്ടിക്കാരൻ,

ഇതുകൊണ്ടൊക്കെയാണ്‌ പർദ്ദ നിര്ബന്ധമാക്കേണ്ടതെന്നു പച്ച പാർട്ടിക്കാരൻ,

വികാരങ്ങളുടെയും പട്ടിണിയുടെയും കുത്തൊഴുക്കിൻറ്റെ അന്തർധാരയിൽ അനർഗളം നിർഗളം പിടയുന്ന മീൻകുഞ്ഞുങ്ങൾ ആണ് സ്ത്രീകൾ എന്ന് ബുദ്ധിജീവി.

ഇതിനിടയിൽ എപ്പോഴോ ശബ്ദം ഇച്ചിരി കുറഞ്ഞപ്പോ ഉണ്ണിക്കുട്ടൻ അച്ഛനോട് ചോദിച്ചു, “ആ സീഡി പുറത്തു വിടുന്ന മാമൻ എന്തിയേ അച്ഛാ?”

വർഷങ്ങൾ കഴിഞ്ഞു. ഉണ്ണിക്കുട്ടൻ വലുതായി. അവനു കാര്യങ്ങൾ മനസ്സിലായി. പ്രമുഖ നേതാവോ പ്രമുഖ നടനോ ഏതെങ്കിലും ‘സ്ത്രീയുടെ’ കൂടെ ‘പിടിക്കപെടുക’യേ ഒള്ളുവെന്നും; അതേ തെറ്റു ചെയ്ത, ചോദിക്കാനും പറയാനും ആരുമില്ലാത്ത സാധാരണക്കാർ ‘പേരും അഡ്രസ്സും സഹിതം അറസ്റ്റ് ചെയ്യപ്പെടുമെന്നും’ ഉള്ളത് നാട്ടിലെ നിയമം ആണെന്ന് അവനു ബോധ്യമായി. സീഡി പുറത്തു വിടുമെന്നു പറയുന്ന മാമൻ ഇപ്പോഴും വിട്ടിട്ടില്ല.

ഇപ്പൊ ഉണ്ണിക്കുട്ടൻ അവൻറ്റെ മകൻറ്റെ കൂടെ ഇരുന്നാണ് ടീവി കാണുന്നത്. അച്ഛൻ കിടപ്പിലാണ്. ഇടയ്ക്കിടയ്ക് അകത്തെ മുറിയിൽ നിന്ന് അച്ഛൻ നേർത്ത ശബ്ദത്തിൽ  ചോദിക്കും, “മോനെ, ആ സീഡി അയാള് പുറത്തു വിട്ടോ?”

Leave a comment