ജനറേഷൻ ഗ്യാപ്പ് സറ്റയർ – ഒരു ന്യൂ ജി – യുടെ മറുപടി

“ഇപ്പഴത്തെ പിള്ളേർക്ക് ഇതൊക്കെ പറഞ്ഞാ മനസ്സിലാവ്വോ?”- ചാരുകസേരയിൽ മലർന്നു കിടന്ന് കാലു രണ്ടും മേൽപ്പോട്ടു വെച്ചോണ്ടാണ്‌ കാരണവർ ഈ ‘ക്ലീഷേ’ എടുത്തെറിഞ്ഞത്. അല്ലേലും ഇതിപ്പോ സാധാരണമാണല്ലോ, ഈ ‘ഇപ്പോഴത്തെ പിള്ളേർ’ ബ്രാൻഡിംഗ്. ഇനി വിട്ടുകൊടുക്കാൻ വയ്യ.

“അല്ലമ്മാവാ, ഇപ്പഴത്തെ പിള്ളേർക്ക് എന്ത് മനസ്സിലാവൂല്ലെന്നാ?”

അപ്രതീക്ഷിതമായിട്ടു ചോദിച്ചപ്പോ ഓൾഡ്‌ ജനറേഷൻറെ പ്രതിനിധിക്ക് ഉത്തരം മുട്ടി.

“ആ… അല്ല… നിങ്ങൾക്ക് ‘ഒന്നും’ മനസ്സിലാവൂല്ല.”

“ആഹാ. എന്നാപ്പിന്നെ നിങ്ങളൊക്കെ പറഞ്ഞു മനസ്സിലാക്കി തരണ്ടേ? അതിനല്ലേ കാർന്നോമ്മാര്?”

“മൂത്തവർടെ മുഖത്ത് നോക്കി തർക്കുത്തരം പറയുന്നോടാ? ആഹ.” ഓ ഒടുവിലത്തെ ആയുധം പുള്ളി പുറത്തെടുത്തു. എന്നാലും വിട്ടുകൊടുക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.

“നിങ്ങളൊക്കെ കുറേ നാളായിട്ട് തുടങ്ങിയതാണല്ലോ ഈ പുച്ഛം. ഇപ്പഴത്തെ പിള്ളേർ, പുതിയ പാട്ടുകൾ, വളർത്തിയ മുടി, പെണ്‍കുട്ട്യോളുടെ വസ്ത്രങ്ങൾ, മൊബൈൽ, കമ്പ്യൂട്ടർ, എന്നിങ്ങനെ എല്ലാ സാധനങ്ങളോടുമുള്ള കുരിശുയുദ്ധം. അല്ലിപ്പോ എന്താ നിങ്ങടെ ശെരിക്കുള്ള പ്രശ്നം?

ഞാൻ തന്നെ പറയാം. പിള്ളേർ ഒത്തിരി ഫ്രീ ആയി. അവർക്കിപ്പൊ ഇഷ്ടമുള്ളിടത്തൊക്കെ പോകാം, ഇഷ്ടമുള്ള വസ്ത്രം ധരിക്കാം, ലോകം തന്നെ അവരുടെ വിരൽത്തുമ്പിലുണ്ട്. ഇതൊന്നും കാർന്നോർക്ക് അങ്ങോട്ട്‌ ഉൾക്കൊള്ളാൻ പറ്റുന്നില്ല. അത്രതന്നെ.

നമുക്ക് ഓരോന്നായി ഒന്നെടുത്ത് അനലൈസ് ചെയ്തു നോക്കാം.

ദിവസവും പത്തു തവണയെങ്കിലും കുറ്റം പറയുന്നതാണ് ‘ഇപ്പോഴത്തെ പാട്ടുകൾ’.

“പണ്ടത്തെ പാട്ടുകളൊക്കെ എന്താരുന്നു. ഹോ! ഇപ്പോഴത്തെ പാട്ടുകൾക്കൊന്നും ഒരു സുഖോമില്ല.”.

എങ്ങനെ കുറ്റം പറയാതിരിക്കും. ഇപ്പറഞ്ഞ ‘ഇപ്പഴത്തെ പാട്ടുകളിൽ’ ആകെ കേട്ടിട്ടുള്ളത് “ഇഷ്ടമല്ലടാ… എനിക്കിഷ്ടമാല്ലടാ” മാത്രമാണ്. അന്ന് തൊട്ടു ആ പാട്ടും വെച്ചോണ്ട് എല്ലാ പുതിയ പാട്ടുകളേയും പുച്ഛി ക്കുകയാണ്. അത് കഴിഞ്ഞു വർഷങ്ങൾ കഴിഞ്ഞു അമ്മാവാ. ഒത്തിരി നല്ല പാട്ടുകൾ അതിനു മുൻപും പിൻപും ഇറങ്ങീട്ടുണ്ട്. അതെങ്ങനാ? ടീവി വെച്ചാൽ ന്യൂസ്‌ മാത്രം കാണുന്ന നിങ്ങളൊക്കെ പുതിയ പാട്ടുകൾ എങ്ങനെ കേൾക്കാനാ ?

ഇനി പഴയ പാട്ടുകൾടെ കാര്യം പറയുവാണെങ്കിൽ ഞങ്ങളും ദേവരാജൻ മാസ്റ്ററിൻറെയും ബാബുക്കയുടെയും തൊട്ടു ഇങ്ങു സാൻഡ് വിച്ച്  ജെനറേഷനിലേ ജോണ്‍സണ്‍ മാഷ്‌ വരെയുള്ളവരുടെ ആരാധകരാണ്. കേട്ടിട്ടില്ലേ ‘ഇപ്പഴത്തെ പിള്ളേരുടെ’ ബാൻഡുകൾ നല്ല നല്ല പഴയ പാട്ടുകൾ എടുത്തു നല്ല ഭംഗിയായി പാടുന്നത്? കേട്ടു കാണാൻ വഴിയില്ല.

പണ്ടും ഉണ്ട് നല്ല ഊള പാട്ടുകൾ. “ചാം ചച്ച… ചൂം ചച്ച… ചുമരി ചച്ച…”, “ജോണ്‍ ജാഫർ ജനാർദ്ദനൻ… ഒരുമിക്കും പന്തങ്ങൾ…” ഒക്കെ കേട്ടിട്ടുണ്ടെന്ന് വിശ്വസിക്കുന്നു.”

അമ്മാവനല്ലേ ഇന്നലെ മുടി വെട്ടാത്തതിനു വഴക്ക് പറഞ്ഞെ? മുടി വളർത്തണോ വേണ്ടയോ എന്നുള്ളത് ഞങ്ങളുടെ ഇഷ്ടമാണ്. എണ്ണ തേച്ചു, പശു നക്കിയതു പോലെ മുടി പുറകോട്ടു ചീകി, ഷർട്ടിൻറെ ബട്ടണ്‍ കഴുത്ത് വരെ ഇട്ടു നടക്കാൻ ഞങ്ങൾക്ക് താൽപര്യമില്ല.

ആ… ഞാൻ പോട്ടെ. വലേറിയ ഇപ്പൊ ഓണ്‍ലൈൻ വന്നു കാണും. എന്താ? വലേറിയ എന്താണെന്നോ? അവൾ എന്റെ കൂട്ടുകാരിയാ. റഷ്യക്കാരിയാ. അമ്മാവന് ഗേൾഫ്രെണ്ട്സ് ഒന്നും ഇല്ലാരുന്നോ? ഓ അതെങ്ങനാ? അന്ന് സ്ത്രീകൾ അടുക്കളയിൽ നിന്നും പുറത്തിറങ്ങിക്കൂടാരുന്നല്ലോ… ആണുങ്ങൾടെ മുൻപിൽ വന്നു നിന്നൂടാരുന്നല്ലോ.

ഇന്ന് പാവം പെണ്‍പിള്ളേർ ഒരു കുർത്തിയും ജീൻസും ഇട്ടു നടന്നാൽ ചില ‘ഓൾഡ്‌ ജനറേഷൻ’കാരുടെ നോട്ടം കണ്ടാൽ കണ്ടു നിൽകുന്നവൻ വെറുത്തു പോകും. ശരീരം മറയ്ക്കലാണ് നിങ്ങളുടെ പ്രശ്നമെങ്കിൽ നിങ്ങളുടെ കാലത്തെ ഒറ്റമുണ്ടും ബ്ലൗസും മറച്ചിരുന്നതിൻറെ മൂന്നിരട്ടി ഇപ്പറഞ്ഞ ‘ഇപ്പഴത്തെ പിള്ളേർ’ടെ വേഷങ്ങൾ മറയ്ക്കുന്നുണ്ട്. ഇല്ലേലും നിങ്ങൾക്കിപ്പോ എന്താ? വീട്ടിൽ അടങ്ങിയിരിക്കേണ്ട സ്ത്രീയുടെ കാലം ഒക്കെ പോയി കാർന്നോരേ. “ലേണ്‍ റ്റു ലിവ് വിത്ത്‌ ഇറ്റ്‌”.

പിന്നെ കുനിഞ്ഞു നിന്നാൽ കാണിക്ക ഇടാവുന്ന തരത്തിലുള്ള ലോ വേസ്റ്റ് ജീൻസ് ഞങ്ങൾക്ക് അത്ര ഇഷ്ടമൊന്നുമില്ല. അങ്ങനെ നടക്കുന്നവർക്ക് ചെവിക്കു പിടിച്ചു രണ്ടു കിഴുക്കു കൊടുത്താൽ അങ്ങ് മാറിക്കോളും. അതാരാ ചെയ്യണ്ടേ? ഞങ്ങളാണോ?

അടുത്ത പ്രധാന ശത്രുക്കളാണ് മൊബൈലും കമ്പ്യൂട്ടറും. “ഇരുപത്തിനാലു മണിക്കൂറും ഇതിൻറെ മുന്പിലാ” എന്നാ പരാതി. അതിനു കാരണോമുണ്ട് അമ്മാവാ. ലോകം മുഴുവൻ ഇപ്പൊ അതിനകത്തുണ്ട്. ഒരു പത്രം വായിക്കുന്നതിൻറെ പത്തിരട്ടി അറിവ് ഇൻറെർനെറ്റിൽ നിന്നും അതിൻറെ പത്തിലൊന്ന് സമയത്തിൽ ഞങ്ങൾക്ക് കിട്ടുന്നുണ്ട്. അപ്പൊ ചുറ്റും നടക്കുന്ന പല കാര്യങ്ങളെക്കുറിച്ചും (ചീളു രാഷ്ട്രീയമല്ല) നിങ്ങൾക്കുള്ളതിൻറെ പത്തിരട്ടി അറിവ് ഞങ്ങൾക്ക് കാണുമെന്ന് മനസ്സിലാക്കൂ. മാത്രമല്ല, ‘ഇപ്പഴത്തെ പിള്ളേർ’ പലരും അതിൻറെ മുൻപിൽ ഇരുന്നു ബ്ലോഗിങ് വഴി ഉണ്ടാക്കുന്നത്‌ ലക്ഷങ്ങളാണ്. ഇപ്പൊ ചോദിക്കും അതെന്താണെന്ന്. ഞാൻ ഒന്നും പറഞ്ഞില്ലേ…

കാലം ഒത്തിരി മാറി അമ്മാവാ. പണ്ടത്തെപ്പോലെ വീട് സ്വന്തം ലോകമാണെന്ന ആറ്റിറ്റ്യൂഡ് ഇന്ന് ശെരിയാകില്ല. ദൃശ്യം സിനിമയിൽ മീന പറയുന്ന പോലെ നാടോടുമ്പം നടുവേ ഓടിയില്ലേലും പുറകെ നടക്കുക എങ്കിലും വേണം.(ഏ? ദൃശ്യം കണ്ടില്ലേ? ഞാൻ വിട്ടു.) അല്ലാതെ ‘ഇപ്പഴത്തെ പിള്ളേർ’ ചെയ്യുന്നതെല്ലാം തെറ്റാണെന്ന് വെറുതെ അങ്ങ് വിശ്വസിക്കരുത്. അല്ല, വിശ്വസിച്ചാലും ഞങ്ങൾക്ക് ….”

Leave a comment