അംബാനീം റിലയൻസും പിന്നെ അവ്ടത്തെ ചേട്ടന്മാരും!

വലിയ ഞരക്കത്തോടെ ആ ചില്ലു വാതിൽ തുറന്നു. എണ്ണ ഇടലും, ഉപയോഗവും ഒന്നും കാര്യമായിട്ട് ഇല്ലെന്നു വ്യക്തം. അകത്തു പൊടിപിടിച്ച ഡിസ്പ്ലേകൾ – ഫോണുകളുടെ മോഡലുകളും ഹെഡ്‍ഫോണുകളുമൊക്കെ. അബദ്ധത്തിൽ കടയിൽ കയറിപ്പോയാൽ തുമ്മൽ പിടിക്കുമെന്നുറപ്പ്. ഞാനിപ്പറയുന്നത് ഒരു ഉപേക്ഷിക്കപ്പെട്ട കടയെപ്പറ്റിയൊന്നുമല്ല. നഗരമധ്യത്തിലെ റിലയൻസിൻറ്റെ ഷോറൂമിനെ കുറിച്ചാണ്. കഴിഞ്ഞ ദിവസം പുതുതായി ഇറങ്ങിയ ജിയോ സിം ഒരെണ്ണം വാങ്ങാൻ ചെന്ന സീനാണ്. ഒരാഴ്ച മുൻപ് വരെ ഈച്ച പോലും കയറാത്ത ഈ കടയിൽ ഇന്ന് ഒരു ഉത്സവത്തിനുള്ള ആളുണ്ട്. ഷർട്ട് ഒക്കെ ഇൻ ചെയ്ത ചേട്ടന്മാർ സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രം കണ്ടുവരുന്ന ഗമയിൽ ഓടിനടക്കുന്നു, ആപ്ലിക്കേഷൻ ഫോമുകൾ അടുക്കുന്നു, അതിൽ ഏതോ പെൺകുട്ടിയുടെ ഫോട്ടോ കാണിച്ചു, “ഇവൾക്ക് സിം കൊടുത്തോടാ?” എന്ന് തമ്മിൽ ചോദിക്കുന്നു, ആകെ തിരക്ക്.

ഇതിനിടയിലൂടെ തല തിരുകി  ഞാൻ, “ചേട്ടാ സിം ഉണ്ടോ?”

ചെറിയൊരു പുച്ഛവും, പിന്നെ ഇങ്ങനൊക്കെ ചോദിക്കാമോ എന്നുള്ളാരു ഭാവത്തോടും കൂടെ ചേട്ടൻ,

“സിമ്മില്ല!”

എന്ന് പറഞ്ഞിട്ട് വീണ്ടും പേപ്പറുകളിലേക്കു ഊളിയിട്ടു.

“സ്റ്റോക്ക് തീർന്നതാണോ” എന്ന് ചിരിച്ചുകൊണ്ട് ഞാൻ.

“അതും ഒരു കാരണമാണ്” എന്ന് തല പൊക്കി നോക്കാതെ അയാൾ. ചിരിയൊന്നുമില്ല!

വേറെ കാരണമെന്താണെന്ന് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും ആവശ്യം എൻറ്റേതായതുകൊണ്ട് വിനയത്തോടെ, “എന്ന് സ്റ്റോക്ക് വരും ചേട്ടാ?” എന്ന് ചോദിച്ചു.

വീണ്ടും കണ്ണെടുക്കാതെ, “ഒന്നും പറയാറായിട്ടില്ല” എന്ന് ഒരു ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് പുറത്തേക്കു വന്ന ഡോക്ടറുടെ മട്ടിൽ അയാൾ.

എന്നിട്ട് അകത്തേക്ക് എത്തി നോക്കിക്കൊണ്ട്, “മാഡത്തിനു ഇഷ്ടമുള്ള നമ്പർ കിട്ടിയോ” എന്ന് വിളിച്ചു ചോദിക്കുന്നു.

“മറ്റന്നാൾ ഒന്ന് വന്നു നോക്ക്. അപ്പോൾ തിരക്ക് കുറവായിരിക്കും.” എന്ന് ഒരു പുച്ഛചിരിയോടെ പറഞ്ഞിട്ട് അകത്തേക്ക് പോയി. മാഡത്തിൻറ്റെ കണക്ഷൻ ആക്ടിവേറ്റ് ചെയ്യണമല്ലോ!

ഇത്രയും പറഞ്ഞപ്പോഴേക്കും പുറകിൽ നിന്നവർ അവരുടെ ആക്ടിവേഷൻറ്റെ കാര്യവും മറ്റും കൊണ്ട് എന്നെ തള്ളി മാറ്റി. ചേട്ടന് ഇന്ന് നല്ല തിരക്കാണ്. വല്യ ഡിമാൻറ്റാണ്. പുള്ളിക്ക് ഇന്ന് വല്ല്യ സന്തോഷമായിരിക്കും. ഇന്നലെ വരെ കിട്ടാത്ത ഒരു ഇമ്പോർട്ടൻസ് ആ ചേട്ടന് ഒരൊറ്റ അനൗൺസ്‌മെൻറ്റിലൂടെയല്ലേ  അംബാനി നേടിക്കൊടുത്തത്?   കേരളത്തിൽ അങ്ങോളം ഇങ്ങോളമുള്ള റിലയൻസ് ഷോറൂമുകളിലെ എല്ലാം അവസ്ഥ ഇങ്ങനെ തന്നെ ആണെന്ന് വിശ്വസിക്കുന്നു. റിലയൻസിൽ ജോലി ചെയ്യുന്ന ഒരു കൂട്ടുകാരനുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോകുന്നു. തകർത്തേനെ ഞാൻ!

Leave a comment